മധ്യതിരുവിതാംകൂറിൽ കോട്ടയം ജില്ലയുടെ തെക്കേയറ്റത്ത് ചങ്ങനാശ്ശേരി നഗരസഭാ പ്രദേശം മൂന്നു വില്ലേജുകളിലായി സ്ഥിതി ചെയ്യുന്നു. മൂന്നു വശവും പുഞ്ചപ്പാടം അതിരിട്ട ചങ്ങനാശ്ശേരിക്ക് ഒരു ദ്വീപിന്റെ കെട്ടുംമട്ടുമാണ് ഉള്ളത്. അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ ഈ നാടിന് ‘ചങ്ങനാശ്ശേരി’ എന്ന പേരു ലഭിച്ചതിനെക്കുറിച്ച് ഒന്നിലധികം അഭിപ്രായങ്ങൾ നിലവിലുണ്ട്. സംഘകാല ഭരണാധികാരിയായ ചെങ്കണ്ണാൻ കുറേക്കാലം ഈ ദേശം ഭരിച്ചതുകൊണ്ടാണ് ‘ചങ്ങനാശ്ശേരി’ എന്ന പേരു പതിഞ്ഞതെന്നാണ് ആദ്യത്തെ അഭിപ്രായം. 9-ാം ശതകത്തിലും 12-ാം ശതകത്തിനുമിടയ്ക്ക് രൂപംകൊണ്ട ചെപ്പേടുകളിലും ശിലാരേഖകളിലും ചങ്ങനാശ്ശേരി എന്ന ദേശപ്പേരു കാണാനാവാത്തതിനാൽ ഈ അഭിപ്രായം അത്ര ശരിയല്ല. എന്നാൽ ശൈശവരുടെ അധിവാസകേന്ദ്രമെന്നർത്ഥം വരുന്ന ‘ശങ്കരനാർചേരി’ പിൽക്കാലത്ത് ചങ്ങനാശ്ശേരിയായെന്നും അഭിപ്രായമുണ്ട്. അതുപോലെ ‘ശംഖുനാദശ്ശേരി’ പിന്നീട് ചങ്ങനാശ്ശേരിയായി പരിണമിച്ചെന്നും പറയുന്നു. ഈ അഭിപ്രായങ്ങളിലൊക്കെ ഏറെ ശ്രദ്ധേയമായി തോന്നുന്നത് ‘ചങ്ങഴിനാഴിയുരി’ ചങ്ങനാശ്ശേരിയായി രൂപാന്തരപ്പെട്ടു എന്നതാണ്. തെക്കുംകൂർ നാടുവാഴി ദേവാലയ നിർമ്മാണത്തിനു ദാനം ചെയ്ത ചങ്ങഴി നാഴിയുരു വിത്തുപാട് സ്ഥലത്തിന് ചങ്ങഴി നാഴിയുരി എന്ന പേരു പതിഞ്ഞത്രെ. അതു പറഞ്ഞു പറഞ്ഞ് ചങ്ങനാരിയും, ചങ്ങനാശ്ശേരിയും ഒക്കെയായി എന്നാണ്. ഇതു ശരിയാണെങ്കിൽ എ.ഡി. 15-ാം ശതകത്തോടടുത്താണ് ചങ്ങനാശ്ശേരി സ്ഥലനാമം രൂപപ്പെട്ടത്. അതിനുമുമ്പുള്ള രേഖകളിലൊന്നിലും ചങ്ങനാശ്ശേരി സ്ഥലനാമം കണ്ടിട്ടില്ല.

                       ​ചങ്ങനാശ്ശേരി നഗരസഭാ പ്രദേശത്തെ വിവിധ സ്ഥലങ്ങളും പ്രസിദ്ധങ്ങളാണ്. ചങ്ങനാശ്ശേരിയുടെ ഭാഗം തന്നെയായ ‘പെരുന്ന’ യെക്കുറിച്ച് പെരുന്ന ശാസനത്തിൽ പരാമർശമുണ്ട്. പെരുംനെയ്യ് എന്നാണ് സൂചന. വിസ്തൃതമായ കടൽത്തീരമെന്നോ ചതുപ്പുനിലമെന്നോ അർത്ഥവും പറയാം. രണ്ടും പെരുന്നയ്ക്ക് ഇണങ്ങും. ഒരു കാലത്ത് പെരുന്ന വരെ കടൽ കയറിക്കിടന്നിരുന്നിരിക്കണം. എ.ഡി. 830 ലെ വാഴപ്പള്ളി ശാസനത്തിൽ ‘വാഴെപ്പള്ളി’ എന്ന ദേശപ്പേരാണ് കാണുന്നത്. വാഴെപ്പള്ളി പിന്നീട് വാഴപ്പള്ളിയുമായി. വാഴയുടെ ഗ്രാമം എന്നർത്ഥവും പറയാം. വടക്കൻ കോട്ടയം രാജവംശത്തിലെ ഒരു ശാഖ ടിപ്പുവിന്റെ പടയോട്ടക്കാലത്ത് പൂവക്കാട്ടുചിറയുടെ പടിഞ്ഞാറുഭാഗത്തു വന്നു താമസിച്ചു. അവർ ആരാധനയ്ക്കായി കൊണ്ടുവന്ന ശ്രീ പോർക്കലീദേവി വിഗ്രഹം മോർക്കുളങ്ങരയിൽ പ്രതിഷ്ഠിച്ചു. ആ സ്ഥലം പോർക്കലീക്കരയും പോർക്കലിങ്ങരയുമായി മാറി അവസാനം മോർക്കുളങ്ങരയായി രൂപാന്തരപ്പെടുകയും ചെയ്തു.

                       സംഘകാല സംസ്കാരത്തിന്റെ ശേഷിപ്പുകൾ ചങ്ങനാശ്ശേരിയിൽ നിന്നു കിട്ടിയിട്ടുണ്ട്. വാഴപ്പള്ളി. കോയിപ്പുറം സ്കൂളിന്റെ പടിഞ്ഞാറു ഭാഗത്തുനിന്നും, ചങ്ങനാശ്ശേരി സർക്കാരാശുപത്രി കോമ്പൗണ്ടിൽ നിന്നും ഓരോരോ ആവശ്യത്തിനു മണ്ണു നീക്കിയപ്പോൾ കണ്ടെത്തിയ പുതുമൺപാത്രങ്ങൾ ചങ്ങനാശ്ശേരിയുടെ പ്രാചീന സംസ്കാരവിശേഷങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന തെളിവാണ്. ചങ്ങനാശ്ശേരിയുടെ അറിയപ്പെടുന്ന ചരിത്രത്തിനു തുടക്കം കുറിക്കുന്നത് നന്തുഴൈനാടിന്റെ ആവിർഭാവത്തോടെയാണ്. എ.ഡി. 9-ാം ശതകം മുതൽ 12-ാം ശതകം വരെ മഹോദയപുരം തലസ്ഥാനമാക്കിക്കൊണ്ട് കേരളം ഭരിച്ച കുലശേഖര ചക്രവർത്തിമാരുടെ കാലത്തു നിലനിന്ന പതിനെട്ടു നാടുകളിലൊന്നായിരുന്നു നന്തുഴൈനാട്. ആ നാടിന്റെ തലസ്ഥാനം തൃക്കൊടിത്താനമായിരുന്നു. നന്തുഴൈനാടിന്റെ വിസ്തൃതി എത്രത്തോളം വരുമെന്നു പറയാൻ തെളിവില്ലെങ്കിലും ചങ്ങനാശ്ശേരി പൂർണ്ണമായും ഈ നാട്ടിൽ ഉൾപ്പെട്ടിരുന്നു. ചങ്ങനാശ്ശേരി ഉൾപ്പെടുന്ന നന്തുഴൈനാട് ഒന്നാന്തരമൊരു കാർഷിക മേഖലയായിരുന്നു. നല്ല അവധാനത്തിന്റെ നാട് എന്നാണ് നന്തുഴൈനാട് അർത്ഥം.

അന്നത്തെ ചങ്ങനാശ്ശേരിയുടെ പൊതുനാമം നന്തുഴൈനാട് എന്നുതന്നെയായിരുന്നു. പെരുന്നയും പൂവവും വാഴപ്പള്ളിയും തൃക്കൊടിത്താനവുമൊക്കെ ഈ നാടിന്റെ പരിധിയിൽ വരും. നന്തുഴൈനാട് ഒരു സ്വതന്ത്രപരമാധികാര രാഷ്ട്രമായിരുന്നില്ല. കുലശേഖരചക്രവർത്തിയുടെ കീഴിലുള്ള ഒരു സാമന്ത രാജ്യം മാത്രം. നാടുവാഴി നന്തുഴൈനാടിന്റെ ഭരണം നിർവ്വഹിച്ചിരുന്നത് നന്തുഴൈനാട് മുന്നൂറ്റുവരോട് ആലോചിച്ചിട്ടാണ്. ഈ ‘മുന്നൂറ്റുവർ’ അന്നത്തെ ‘ഗ്രാമസംഘ’ മായിരുന്നു. അവരുടെ സമ്മതമില്ലാതെ നാടുവാഴിക്ക് ഒന്നും ചെയ്യാനാകുമായിരുന്നില്ല. നന്തുഴൈനാടു മുന്നൂറ്റുവരെ കൂടാതെ വാഴെപ്പള്ളി ഊരാർ എന്നൊരു ഗ്രാമസഭയും ചങ്ങനാശ്ശേരിയിൽ നിലവിലുണ്ടായിരുന്നുവെന്ന് എ.ഡി. 830 ലെ വാഴപ്പള്ളി ശാസനത്തിൽ നിന്നു തെളിയുന്നു. ഊരാർ ഗ്രാമസഭയിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയായിരുന്നു എന്നു വേണം കരുതാൻ. ഇതുകൂടാതെ ഒരു പരിഷെ സഭയെക്കുറിച്ചും ശാസന സൂചന കാണാം. ഇവയൊക്കെ നന്തുഴൈനാടിന്റെ ഭാഗമായ ചങ്ങനാശ്ശേരി ദേശത്തിലെ ഭരണാധികാരി വർഗ്ഗത്തെക്കുറിച്ചുള്ള സൂചനകളാണ്. ഈ നന്തുഴൈനാടു മുന്നൂറ്റുവരുടെയും വാഴപ്പള്ളി ഊരാരുടെയും പരിഷെ സഭയുടെയും ദേശവാസികളുടെയും സഹായത്തോടെ നന്തുഴൈനാടുവാഴി കുലശേഖര ചക്രവർത്തിയും എ.ഡി. 12-ാം ശതകം വരെ ഭരണം നടത്തി. ചോളാക്രമണം മൂലം നന്തുഴൈനാട് ഇല്ലാതായി. എ.ഡി. 12-ാം ശതകം മുതൽ 15-ാം ശതകം വരെയുള്ള ചങ്ങനാശ്ശേരിയുടെ ചരിത്രം ഇരുളടഞ്ഞതാണ്.